മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ഇ-ബുള്ളറ്റിന്‍ ‘സന്നിധാനം’ തയാറായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ദേവസ്വം വകുപ്പും ചേര്‍ന്നു തയാറാക്കിയ ഇ-ബുള്ളറ്റിന്‍ ഭക്തര്‍ക്ക് ലഭ്യമാക്കും. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ബുള്ളറ്റിന്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഇ-ബുള്ളറ്റിന്‍ പ്രകാശനം നിര്‍വഹിച്ചു.
തീര്‍ഥാടനത്തിന് എത്തുന്നവര്‍ വെര്‍ച്വല്‍ ക്യൂ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമായതിനാല്‍ വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള ഇന്ററാക്ടീവ് ലിങ്കുകള്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തെ സംബന്ധിച്ച പ്രധാനപ്പെട്ട തീയതികള്‍, ശബരിമല പൂജാസമയം, ഭക്തര്‍ക്കുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എന്നിവ ഇ-ബുള്ളറ്റിനിലൂടെ അറിയാം. പ്രധാനപ്പെട്ട വഴിപാടുകളും അവയുടെ നിരക്കുകളും ഉണ്ട്. അയ്യപ്പ ഭക്തര്‍ക്ക് സ്‌പോട്ട് ബുക്കിംഗിനായി ഒരുക്കിയിരിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട 12 കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇ- ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്.
തീര്‍ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വിശദമായി ഇ- ബുള്ളറ്റിനില്‍ പ്രതിപാദിക്കുന്നു. അയ്യപ്പസന്നിധിയില്‍ എത്തുന്നതിന് ഭക്തര്‍ ഏത് പാത ഉപയോഗിക്കണം എന്നു തുടങ്ങി, അയ്യപ്പന് കാണിക്ക എങ്ങനെ സമര്‍പ്പിക്കണം എന്നുവരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശബരിമലയുടെ പരിശുദ്ധി നിലനിര്‍ത്താന്‍ ഭക്തര്‍ ജാഗ്രതയോടെ പാലിക്കേണ്ടുന്ന കാര്യങ്ങളും ഇ- ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. അയ്യപ്പന്റെ പൂങ്കാവനം പ്ലാസ്റ്റിക് വിമുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതില്‍ ഊന്നിപ്പറയുന്നു. പുണ്യ നദിയായ പമ്പ മലിനമാക്കാതെ സംരക്ഷിക്കേണ്ടത് ഭക്തരുടെ ഉത്തരവാദിത്തമാണെന്ന സന്ദേശവും ഇ- ബുള്ളറ്റിന്‍ പകര്‍ന്നു നല്‍കുന്നു.