
ആശ്രാമത്ത് ശ്രീനാരായണഗുരു സാംസ്കാരികസമുച്ചയ നിർമാണം അന്തിമഘട്ടത്തിൽ. മിനുക്കുപണികളും അകത്തളജോലികളും ഗേറ്റ് നിർമാണവുമാണ് ശേഷിക്കുന്നത്. ഡിസംബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കേരളപ്പിറവി ദിനത്തിൽ സമുച്ചയം ഉദ്ഘാടനം ചെയ്യാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, കരാറുകാരൻ 45 ദിവസംകൂടി 45 ദിവസംകൂടി ആവശ്യപ്പെടുകയായിരുന്നു…….
എല്ലാ ജില്ലയിലും നവോത്ഥാന നായകൻമാരുടെ സ്മരണയിൽ സാംസ്കാരികസമുച്ചയങ്ങൾ സ്ഥാപിക്കുന്നുണ്ട്. അതിൽ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടതാണ് ജില്ലയിലേത്. സംസ്ഥാനത്ത് ആദ്യം നിർമാണം ആരംഭിച്ചതും പൂർത്തിയാക്കുന്നതും കൊല്ലത്താണ്. ആശ്രാമം ചിൽഡ്രൻസ് പാർക്കിനു സമീപം 3.82 ഏക്കർ സ്ഥലത്ത് 57 കോടി രൂപ ചെലവിട്ടാണ് സമുച്ചയം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനാണ് നിർമാണനിർവഹണച്ചുമതല. മുംബൈ ആസ്ഥാനമായ കമ്പനിയാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. പൈതൃകം കാത്തുസൂക്ഷിക്കാനായി ആശ്രാമം ഗസ്റ്റ് ഹൗസിന്റെ അതേമാതൃകയിലാണ് സമുച്ചയത്തിന്റെ മുൻവശം. രണ്ടു നിലകളിലായി 92,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം.

