ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും നവംബർ 14 വൈകിട്ട് 4നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ആരോഗ്യ കുടുംബക്ഷേമ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. വിവിധ മേഖലകളിൽ പ്രവീണ്യം തെളിയിച്ച വ്യക്തികളുമായി കുട്ടികൾ സംവദിക്കുന്ന ‘കുട്ടികളോടൊപ്പം’ പരിപാടിയും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സർക്കാർ രൂപികരിച്ച ബാലനിധി ഫണ്ടിലേക്ക് കൂടുതൽ തുക സമാഹരിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ UPI QR കോഡിന്റെ പ്രകാശനവും അന്നേ ദിവസം നടക്കും. വിവിധ മേഖലയിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് കേരള സർക്കാർ എല്ലാ വർഷവും നൽകുന്നതാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം. ബാലനീതി നിയമ പ്രകാരം സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ രൂപീകരിച്ച ഫണ്ടാണ് ബാലനിധി.

കുട്ടികളുടെ അവകാശങ്ങൾ, പരിചരണം, വിദ്യാഭ്യാസം, വികാസം എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് രാജ്യത്തുടനീളം എല്ലാ വർഷവും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 നു ശിശുദിനം ആഘോഷിക്കുന്നത്. എല്ലാ കുട്ടികളും ഏറ്റവും മികച്ച വിദ്യാഭ്യാസം, പോഷണം, പരിപോഷണം എന്നിവ അർഹിക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിശു ദിനം.