ആഫ്രിക്കൻ കരുത്തരായ ടുണീഷ്യയെ ഒരു ഗോളിന് മറികടന്ന് ഓസ്‌ട്രേലിയ ഖത്തർ ലോകകപ്പിൽ ആദ്യജയം സ്വന്തമാക്കി. ആദ്യപകുതിയിൽ മിച്ചൽ ഡ്യൂക്കാണ് വിജയഗോൾ നേടിയത്. ഡെൻമാർക്കിനെ ആദ്യകളിയിൽ തളച്ച ടുണീഷ്യയ്ക്ക് ആ മികവ് നിലനിർത്താനായില്ല. തോൽവിയോടെ ടുണീഷ്യ പുറത്താകലിന്റെ വക്കിലായി.
മുപ്പതിന് ചാമ്പ്യൻമാരായ ഫ്രാൻസുമായാണ് അടുത്ത മത്സരം. വിലപ്പെട്ട മൂന്ന് പോയിന്റ് നേടിയ ഓസ്‌ട്രേലിയ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അന്നുതന്നെ ഡെൻമാർക്കിനെ നേരിടും.
മികച്ച ഒത്തിണക്കത്തോടെ കളിച്ച ക്രെയ്‌ഗ് ഗുഡ്‌വിൻ–-മിച്ചൽ ഡ്യൂക്ക് സഖ്യമാണ് ഓസ്‌ട്രേലിയക്കായി കളി മെനഞ്ഞത്. ടുണീഷ്യൻ പ്രതിരോധതാരം യാസിൻ മെറിയയുടെ പിഴവിൽനിന്നായിരുന്നു ഓസ്‌ട്രേലിയയുടെ വിജയഗോൾ. ഇടത് വിങ്ങിൽനിന്ന് ഗുഡ്‌വിൻ ബോക്‌സിലേക്ക് തൊടുത്ത ക്രോസ് മെറിയയുടെ ദേഹത്തുതട്ടി ഉയർന്നപ്പോൾ ഡ്യൂക്ക് കൃത്യമായി തലവച്ചു. ഗോളി അയ്‌മെൻ ദാമെന് കാഴ്‌ചക്കാരനായി നിൽക്കാനേ കഴിഞ്ഞുള്ളൂ.
സമനില ഗോൾ നേടാനുള്ള സുവർണാവസരം ക്യാപ്‌റ്റൻ യൂസഫ് മക്കനി നഷ്ടപ്പെടുത്തുകയും ചെയ്‌തു. രണ്ടാംപകുതിയിൽ പരിചയസമ്പന്നനായ മുന്നേറ്റക്കാരൻ വഹ്‌ബി ഖസ്‌റിയെ ഇറക്കി ടുണീഷ്യ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടിയെങ്കിലും ഓസ്‌ട്രേലിയൻ ഗോൾകീപ്പർ മറ്റ് റ്യാനിനെ മറികടക്കാനായില്ല. കളിയവസാനം ഖസ്‌റിയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയൻ ഗോൾമുഖത്ത് നിരന്തരം ഭീഷണി സൃഷ്ടിച്ചെങ്കിലും കയ് റൗലീസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര അവസരത്തിനൊത്തുയർന്നു.