സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ. ഇതിനായി രജിസ്‌ട്രേഷൻ (കേരള) ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ആധാര കക്ഷികളുടെ സമ്മതത്തോടെയുള്ള ‘consent based aadhaar authentication service’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

നിലവിൽ ആധാര കക്ഷികളെ തിരിച്ചറിയുന്നതിന് സാക്ഷികളെയും, ആധാര കക്ഷികളുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമാണ് ആശ്രയിക്കുന്നത്. ആധാര രജിസ്‌ട്രേഷൻ സമയത്ത് സാക്ഷി എഴുതുന്ന രീതി പുതിയ സംവിധാനം നിലവിൽ വരുന്നതോടുകൂടി അവസാനിക്കും. രജിസ്‌ട്രേഷൻ നടപടിക്രമം ലളിതവൽക്കരിക്കുന്നതിന് സഹായകരമാകുന്ന ‘ആധാർ’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷൻ നടപ്പാക്കുന്നതോടുകൂടി ആൾമാറാട്ടം പൂർണമായും തടയാനാകും. ഇത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉൾപ്പെടെയുള്ളതിൽ വകുപ്പിന്റെ സ്ഥാനം മെച്ചപ്പെടുത്താൻ സഹായിക്കും.

പുതിയ സംവിധാനം ആദ്യം തിരഞ്ഞെടുത്ത സബ് രജിസ്ട്രാർ ഓഫീസുകളിൽ നടപ്പിലാക്കുമെന്നും തുടർന്ന് സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്നും രജിസ്‌ട്രേഷൻ ഐ.ജി. കെ. ഇമ്പശേഖർ അറിയിച്ചു. പുതിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങൾക്ക് സുതാര്യവും കുറ്റമറ്റതും മികവുറ്റതുമായ സേവനങ്ങൾ ഉറപ്പാക്കി വകുപ്പ് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.