അനന്തപുരിക്ക് മിഴിവേകി വർണ്ണപ്പകിട്ട് -2022 സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ഇന്ന് (15) തിരിതെളിയും.
ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് അയ്യൻകാളി ഹാളിലാണ് ചടങ്ങ്. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ തദ്ദേശ – സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
ഒക്ടോബർ 15, 16 തീയതികളിലായി അയ്യൻകാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നീ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 21 മത്സര ഇനങ്ങളിലായി 250 പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
“നമ്മളിൽ ഞങ്ങളുമുണ്ട്” എന്നതാണ് ഫെസ്റ്റിന്റെ മുദ്രാവാചകം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച എട്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കും.
ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തി കൊണ്ടുവരുന്നതിനും വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭാമേയർ ശ്രീമതി. ആര്യ രാജേന്ദ്രൻ, ശ്രീ. ശശി തരൂർ എം പി , വി. കെ. പ്രശാന്ത് എംഎൽഎ, രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും
