ലഹരിവിമുക്തി ബോധവത്ക്കരണ പരിപാടികളില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ മുഖ്യപങ്കാളികളാകണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഹരി വിമുക്തി ബോധവല്‍ക്കരണ പരിപാടിയായ ‘ജീവിതമാകട്ടെ ലഹരി’ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്ന തിനൊപ്പം സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിലും പ്രധാന പങ്കുവഹി ക്കേണ്ടത് വിദ്യാര്‍ഥികളാണ്. പ്രാദേശികതലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കണം. യുവതലമുറകള്‍ ലഹരികണ്ണികളില്‍ അകപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാനം. ലഹരി വിമുക്തി പരിപാടികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നവംബര്‍ ഒന്നിന് മനുഷ്യ ചങ്ങല തീര്‍ക്കുകയാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളവര്‍ ജാഗ്രത പുലര്‍ത്തിയാല്‍ ലഹരി എന്ന വിപത്തിനെ അകറ്റി നിറുത്താനാകും. ലഹരിവിമുക്തമായ നല്ല നാളെകള്‍ക്കായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

കായികം, കല, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലാണ് ജീവിതമാണ് യഥാര്‍ത്ഥ ലഹരിയെന്ന് ഓരോരുത്തരും തിരിച്ചറിയണം. സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരെ ഉള്‍പ്പെടുത്തി ബോധവത്ക്കരണ പരിപാടി ജനകീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷയായി. സമൂഹത്തെ ലഹരി വിമുക്തമാക്കുന്നതിന് വിപുലമായ കര്‍മപരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തി വരുന്നത്. വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ലഹരിയില്‍ നിന്നും സംരക്ഷിക്കുന്നതിന് പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. അതിന് മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.