ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണം സ്മാര്‍ട്ടായി. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ക്യു.ആര്‍ കോഡ് പതിച്ച് വിവരശേഖരണം പൂര്‍ത്തിയാക്കി. ഈ സംവിധാനമുള്ള ജില്ലയിലെ ആദ്യ പഞ്ചായത്താണിത്. ഹരിതമിത്രം ഗാര്‍ബേജ് ആപ്പ് വിവരശേഖരണ പൂര്‍ത്തീകരണ പ്രഖ്യാപനവും ഓയില്‍ പാമിലെ മാലിന്യം സംസ്‌കരിക്കുന്നതിനായുള്ള ‘ഗോബര്‍ധന്‍’ പദ്ധതിയുടെ ഡി.പി.ആര്‍ പ്രകാശനവും തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാമുരളീധരന്‍ നിര്‍വഹിച്ചു.
ഖരമാലിന്യ സംസ്‌കരണം ജനകീയവും ഡിജിറ്റലുമാക്കുന്നതിന്റെയും ഭാഗമായി നവകേരളം കര്‍മ്മ പദ്ധതിയുടെയും ഹരിതകേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്യു.ആര്‍ കോഡ് സ്ഥാപിച്ചതോടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ തുക, അളവ്, തരംതിരിച്ചുള്ള കണക്ക് പരിശോധിക്കാനാകും. ഒന്നാം വാര്‍ഡില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ ആരംഭിച്ചു. മുഴുവന്‍ വാര്‍ഡുകളിലും ആപ്പ് മുഖേനയുള്ള പ്രവര്‍ത്തനം നവംബര്‍ ആദ്യവാരം തുടങ്ങും. ഹരിത കര്‍മ്മസേന 100 ശതമാനം വാതില്‍പ്പടി ഖരമാലിന്യ ശേഖരണവും യൂസര്‍ ഫീ കളക്ഷനും പൂര്‍ത്തീകരിക്കുകയും ചെയ്തു.