എംഎൽഎമാർ ഇന്ന് (ഒക്ടോബർ22) ദീപം തെളിയിക്കും

മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ22) എല്ലാ നിയോജക മണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 6ന് ലഹരിക്കെതിരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും.

ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ഈ മഹാപോരാട്ടത്തിൽ പങ്കാളികളായി വീടുകളിൽ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും ദീപം തെളിയിക്കുന്ന പരിപാടി നടക്കും.
ഒക്ടോബർ 2ന് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളാണ് സംസ്ഥാനത്തെങ്ങും നടന്നുവരുന്നത്. നവംബർ ഒന്നിനാണ് ഒന്നാം ഘട്ടം പ്രചാരണം അവസാനിക്കുന്നത്. ഒന്നാം തീയതി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഓഫീസുകളിലും ലഹരിക്കെതിരെ വിദ്യാർഥികളും പൊതുജനങ്ങളും ശൃംഖല തീർക്കും. വിദ്യാലയങ്ങളില്ലാത്ത സ്ഥലങ്ങളിൽ വാർഡുകളിലെ പ്രധാന കേന്ദ്രത്തിലാകും ശൃംഖല. മയക്കുമരുന്നിനെതിരെയുള്ള പ്രചാരണത്തിൽ പങ്കാളികളാകാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് മന്ത്രി അഭ്യർഥിച്ചു
