ഭൂ-ഭവനരഹിതരായ പുനലൂരിലെ 44 കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള കെട്ടിടത്തില്‍ തലചായ്ക്കാം. 5.82 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷന്‍ മുഖേന നിര്‍മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. വസ്തുവും വീടുമില്ലാത്ത നഗരസഭാ പരിധിയിലെ കുടുംബങ്ങള്‍ക്ക് ഒരു കുടക്കീഴില്‍ അഭയം ഒരുക്കുകയാണ് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ലക്ഷ്യം.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള പ്ലാച്ചേരിയിലെ 50 സെന്റ് സ്ഥലത്താണ് 2495.16 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണുള്ള നാല് നിലകളിലായുള്ള ഫ്‌ളാറ്റ് സമുച്ചയം. 516.16 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു യൂണിറ്റില്‍ രണ്ട് കിടപ്പുമുറികള്‍, അടുക്കള, ബാല്‍ക്കണി, ലിവിങ് റൂം, അറ്റാച്ച്ഡ് ബാത്‌റൂം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. സോളാര്‍ സംവിധാനം, ജനറേറ്റര്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, സിവേജ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ നിര്‍മാണം പൂര്‍ത്തീയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറനാകുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു