ചിതറ കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. പി. ഫൗണ്ടേഷൻ സ്നേഹ വീടിന്റെ ഉദ്ഘാടനം നവംബർ 1 കേരളപിറവി ദിനത്തിൽ നടക്കും.ഫൗണ്ടേഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 28-10-2022 ൽ കടയ്ക്കൽ വച്ച് വിപുലമായ പത്രസമ്മേളനം നടത്തി.
.കെ. പി. ഫൗണ്ടേഷൻ ചെയർമാൻ എ. എസ് ഇക്ബാൽ, സെക്രട്ടറി അനിൽ അഴാവീട്, ട്രഷറർ ഡി. ദിലീപ് എന്നിവർ നേതൃത്വം നൽകി.സ്നേഹ വീടിന്റെ ഉദ്ഘാടനം ഫൗണ്ടേഷൻ ചെയർമാൻ എ. എസ് ഇക്ബാലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബഹു ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ നിർവ്വഹിക്കും.
ഫൗണ്ടേഷൻ സെക്രട്ടറി അനിൽ അഴാവീട് സ്വാഗതം പറയും.ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, ബഹു. എൻ. കെ. പ്രേമചന്ദ്രൻ എം. പി, ഡോക്ടർ പുനലൂർ സോമരാജൻ, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി അനിൽ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ,
ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലയിൽ സുരേഷ്, KARD ചെയർമാൻ നടയ്ക്കൽ ശശി, സമുദ്രതീരം, വയോജന കേന്ദ്രം ചെയർമാൻ റുവൽ സിംഗ്, എന്നിവർ പങ്കെടുക്കും,
ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി ജി. വാസുദേവൻ നന്ദി പറയും.2011 ൽ കേവലം ഒരു സൗഹൃദ കൂട്ടായ്മയായി തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് സമീപത്തെ അഞ്ച് പഞ്ചായത്തിലെ കാരുണ്യ പ്രസ്ഥാനമായി മാറിയത്.
കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയിലെ മികച്ച കർഷകൻ, ഒറ്റഞാർകൃഷി, കരനെൽകൃഷി എന്നിവയിലൂടെ നെൽകൃഷിക്ക് പുതു ജീവൻനൽകിയ കർഷകൻ, സാമൂഹിക രാഷ്ട്രീയ നഭോമണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം കൊല്ലം ജില്ലാ സഹകരണബാങ്ക് ഡയറക്ടർ, ചിതറ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി ഹയർ സെക്കണ്ടറി സ്കൂൾ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കെ.പി.കരുണാകരന്റെ സ്മരണ നിലനിർത്തുന്നതിനും, അശരണർക്ക് സഹായമെത്തിക്കാനും വേണ്ടി ഇങ്ങനെ ഒരു ഫൗണ്ടേഷൻ ആരംഭിക്കുകയും തുടർന്ന് 2013 മേയ് മാസത്തിൽ പതിനഞ്ച് പേരടങ്ങുന്ന ഭരണ സമിതി രൂപീകരിച്ചുകൊണ്ട് സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു തുടങ്ങിയത്.
പൊതുജങ്ങളിൽ നിന്നും യാതൊരു സംഭവനയും വാങ്ങാതെയാണ് ഇതിന്റെ പ്രവർത്തനം. ഈ കാലയളവിനുള്ളിൽ മാതൃകപരമായ ഒട്ടനവധി പ്രവർത്തനങ്ങളും പരിപാടികളും ഏറ്റെടുത്തു നടപ്പിലാക്കി വരുന്നു.
ക്യാൻസർ രോഗികൾക്ക് കേശ ദാനം നൽകുന്ന “സ്നേഹ കേശം” പദ്ധതി, നിരാലംബരായ രോഗികൾക്ക് സൗജന്യ ഔഷധ വിതരണ പദ്ധതി, “ജീവനം”,
നിരാശ്രയർക്ക് ആയിരം, അഞ്ഞൂറ് രൂപ നിരക്കിൽ പെൻഷൻ നൽകുന്ന “കൈത്താങ്ങ്”, മാരക രോഗ ബാധിതർക്ക് ചികിത്സ സഹായം “സമാശ്വാസം”,
കിടപ്പ് രോഗികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം “കനിവ്”, രക്ത ദാന പദ്ധതി “ഹൃദ്യം “, നിർധന കുട്ടികൾക്കുള്ള പഠന സഹായ പദ്ധതി “അക്ഷരക്കൂട്ടം” 100 പേർക്ക് ഒരു ലക്ഷം രൂപ വീതമുള്ള അപകട മരണ ഇൻഷുറൻസ് എന്നിവ നാട്ടിലെ പാവപ്പെട്ട നിരവധി കുടുംബങ്ങളിൽ താങ്ങായി മാറി.
കൂടാതെ വിവിധ തൊഴിൽ പരിശീലനങ്ങൾ, സർക്കാർ ആശുപത്രികളിൽ സേവന പ്രവർത്തനം,കേരളത്തിലെയും, തമിഴ്നാട്ടിലേയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 68 പേർക്ക് ഉയർന്ന വില വരുന്ന ജയ്പൂർ കൈ കാലുകളുടെ സൗജന്യ വിതരണമടക്കം ജീവിതത്തിലെ സർവ്വ മേഖലകളിലും സഹായമെത്തിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.
നിസ്വാർത്ഥരായ ഒരു കൂട്ടം മനുഷ്യരുടെ നിരന്തര ജാഗ്രതയിലുള്ള പ്രവർത്തനത്തിലൂടെയാണ് ഈ നിലയിൽ എത്തിയത്.ഈ ഫൗണ്ടേഷന് ജില്ലാ രജിസ്ട്രാർ ജനറൽ, ആദായ നികുതി വകുപ്പിന്റെ 12 A, ISO 9001-2015,ഭാരത സർക്കാർ നീതി അയോഗ്, കേരള സംഗീത നാടക അക്കാദമി, ആദായ വകുപ്പ് 80 G എന്നീ രജിസ്‌ട്രേഷനുകൾ നേടിയിട്ടുണ്ട്,
കൂടാതെ വളവുപച്ച സി കേശവൻ ഗ്രന്ഥശാല അവാർഡ്, തിരുവല്ല ജോയ് ആലുക്കാസ് അവാർഡ്, കേരള രക്‌തദാന അവാർഡ്, ഗാന്ധിഭവൻ പത്തനാപുരം അവാർഡ് എന്നിവ കരസ്ഥമാക്കി.
സ്നേഹവീട്ടിൽ ജീവിതത്തിൽ പകൽ സമയങ്ങളിൽ ഒറ്റപ്പെടുന്നവർക്ക് ആശ്വാസമായി പകൽ വീടും സൗജന്യ ഇ സേവന കേന്ദ്രവും, അക്ഷര ജ്യോതി പബ്ലിക് ലൈബ്രറിയും അരംഭിച്ച് “സ്‌നേഹവീട്” ഒരു പൊതുസൗഹൃദ ഇടമായി മാറ്റുക എന്നതാണ് ലക്ഷ്യം.ഈ ലക്ഷ്യത്തിലേക്കെത്താൻ ഉദ്ഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.