എല്ലാ ഭിന്നശേഷിക്കാർക്കും സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. പാർക്കിൻസൺ ഡിസീസ്, ഡ്വാർഫിസം, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതർക്കും ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്നശേഷിക്കാർക്കും ബസുകളിൽ ഇനി മുതൽ യാത്രാ ചാർജ് ഇളവ് അനുവദിക്കും.പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവെങ്കിലും ഇവരുടെ യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

