എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂർണമായും നാലുവർഷം കൊണ്ട് ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കമാകും. നവംബർ 1 ന് രാവിലെ 9.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഐക്യകേരളത്തിന്റെ രൂപീകരണ ചരിത്രത്തിൽ ആദ്യമായാണ് കേരളം പൂർണമായും അളക്കുന്ന നടപടിക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.

നാലു വർഷം കൊണ്ട് റീസർവേ പൂർത്തീകരിക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റീസർവേ നടപടികൾ 1966 ൽ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വർഷത്തോളം പിന്നിട്ടിട്ടും റീസർവേ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ‘എന്റെ ഭൂമി’ എന്ന പേരിൽ സംസ്ഥാനത്ത് ഡിജിറ്റൽ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂർത്തീകരിക്കാനും സർക്കാർ തീരുമാനിച്ചത്. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷിയേറ്റീവിൽ നിന്നും സർവെയും ഭൂരേഖയും വകുപ്പിന് അനുവദിച്ചിട്ടുണ്ട്.

നാലു വർഷം കൊണ്ട് സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടെയും ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്നതിന് സർവെയും ഭൂരേഖയും വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ അപര്യാപ്തമാണ്. ഇതിന് പരിഹാരമായി വകുപ്പിലെ ജീവനക്കാരെ കൂടാതെ 1500 സർവെയർമാരും, 3200 ഹെൽപ്പർമാരും ഉൾപ്പെടെ 4700 പേരെ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സർവെ സമയബന്ധിതമായി പൂർത്തിയാക്കും. കരാർ അടിസ്ഥാനത്തിൽ സർവെയർമാരെ നിയോഗിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ പൂർത്തിയാക്കി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

അൺ സർവെയ്ഡ് വില്ലേജുകൾ, നാളിതുവരെ റീസർവേ പൂർത്തിയാകാത്ത വില്ലേജുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി സംസ്ഥാനത്തിന്റെ ഡിജിറ്റൽ റീസർവെ പൂർത്തിയാക്കുന്നതിനാണ് നിലവിൽ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിയുടെ ആദ്യത്തെ മൂന്ന് വർഷങ്ങളിൽ 400 വില്ലേജുകൾ വീതവും, നാലാം വർഷം 350 വില്ലേജുകളും സർവെ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവെ നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

അത്യാധുനിക സർവേ ഉപകരണങ്ങളായ റിയൽ ടൈം കൈനറ്റിക് റോവർ, റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ, ടാബ്‌ലറ്റ്‌ പിസി എന്നിവ ലഭ്യമാക്കി ഈ ഉപകരണങ്ങളെ Continuously Operating Reference Station (CORS) എന്ന ജിപിഎസ് നെറ്റ്‌വർക്കിന്റെ പരിധിക്കുള്ളിൽ പ്രവർത്തിപ്പിച്ച് ഏകീകൃതമായി ഡിജിറ്റൽ സർവേ നടത്തും.

സംസ്ഥാനത്തിന്റെ 70 ശതമാനം വരെ സ്ഥലങ്ങളിൽ RTK റോവർ മെഷീന്റെ സഹായത്താലും, സാറ്റ്ലൈറ്റ് സിഗ്നലുകൾ ലഭ്യമല്ലാത്ത 20 ശതമാനം സ്ഥലങ്ങളിൽ റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷീനുകളും, തുറസ്സായ 10 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ സാങ്കേതിക വിദ്യയും ഡിജിറ്റൽ സർവെക്കായി ഉപയോഗിക്കും.

സംസ്ഥാനത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് സംസ്ഥാനത്താകെയായി 28 സിഒആർ സ്റ്റേഷനുകളാണ് ആവശ്യമായിട്ടുള്ളത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സിഒആർ സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. CORS കൺട്രോൾ സെന്ററിന്റെ നിർമാണ ജോലികൾ സർവേ ഡയറക്ടറേറ്റിൽ പുരോഗതിയിലാണ്. കൺട്രോൾ സെന്ററിൽ സ്ഥാപിക്കേണ്ട ഉപകരണങ്ങൾ കൺട്രോൾ സെന്ററിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന ജോലികൾ ഉടൻ പൂർത്തിയാകും.

ഡിജിറ്റൽ സർവെ പദ്ധതിയുടെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ‘എന്റെ ഭൂമി” എന്ന ഓൺലൈൻ പോർട്ടൽ സർവെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സർവെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോർട്ടൽ മുഖേന അറിയാൻ സാധിക്കും.

സർവെ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ, കാലഘട്ടത്തിനനുസൃതമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കുമെന്നതാണ് ഡിജിറ്റൽ സർവെ പദ്ധതിയുടെ പ്രധാന സവിശേഷത. ഇനിയൊരു റീസർവെ ആവശ്യമില്ലാത്ത വിധം സർവെ റിക്കാർഡുകൾ കാലഹരണപ്പെടാതെ നാളതീകരിച്ച് പരിപാലിക്കാൻ സാധിക്കുമെന്നതും, ഭൂരേഖകൾ എല്ലാം പൂർണ്ണമായും ഐ.ടി അധിഷ്ഠിത സേവനമായി രൂപാന്തരപ്പെടുത്തുന്നതിലുടെ സംസ്ഥാനത്തിന്റെ വികസനക്കുതിപ്പുകൾക്ക് വിപ്ലവകരമായ രീതിയിൽ ആക്കം കൂട്ടാൻ സാധിക്കുമെന്നതും ഈ ഡിജിറ്റൽ സർവെ പദ്ധതിയുടെ പ്രധാനപ്പെട്ട നേട്ടങ്ങളാണ്.

ഡിജിറ്റൽ സർവെ പദ്ധതിയുടെ ഭാഗമായി റവന്യൂ ഭരണത്തിനാവശ്യമായ വിവരങ്ങൾ കൂടാതെ കേരളത്തിന്റെ ഭൂപ്രകൃതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും പ്രയോജനകരമാംവിധം സമഗ്രമായ ഒരു ജി.ഐ.എസ് ഡാറ്റാബേസ് കൂടി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നതിന് ലക്ഷ്യമിടുന്നു.

ഡിജിറ്റൽ സർവെ സംബന്ധിച്ച നടപടികൾ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സർവെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതി ആസൂത്രണം ചെയ്തതനുസരിച്ച് പൂർത്തിയാക്കുന്നതിന് സർവെയ്ക്ക് മുന്നോടിയായി തങ്ങളുടെ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി കാണുന്നവിധം തെളിച്ചിടുക, അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ ഇല്ലാത്ത പക്ഷം സർവെ തീയതിക്ക് മുമ്പ് തന്നെ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർവെയ്ക്ക് മുന്നോടിയായി നടത്തുന്നതിന് പൊതുജന പങ്കാളിത്തം ആവശ്യമാണ്. ഭൂവുടമസ്ഥരുടെ സാന്നിധ്യമില്ലാതെ സർവെ നടത്തിയതും സർവെ നടത്തി ദീർഘകാലത്തിന് ശേഷം സർവെ റിക്കാർഡുകൾ പരസ്യപ്പെടുത്തി നടപടികൾ സ്വീകരിച്ചതും കാരണം നിരവധി ഭൂപരാതികൾക്ക് കാരണമായിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ സർവെയിൽ ഭൂവുടമസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ സർവെ നടത്തുന്നതും ഫീൽഡിൽ വച്ചു തന്നെ മാപ്പുകൾ തയ്യാറാക്കുന്ന വിധത്തിൽ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായാണ് ഡിജിറ്റൽ സർവെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.