കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നവംബര്‍ 15 മുതല്‍ 30 വരെ നടക്കുന്ന കരസേന റിക്രൂട്ട്മെന്റ് റാലിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അഫ്‌സന പാര്‍വീണിന്റെ നിര്‍ദേശപ്രകാരം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്റ്റേഡിയത്തിലെ താമസസൗകര്യവും റാലി നടക്കുന്ന ഗ്രൗണ്ടിലെ സ്ഥിതിഗതികളും വിലയിരുത്തി. അഗ്‌നിവീര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, മത പഠന അധ്യാപകര്‍ എന്നിയിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. 26000 ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്മെന്റ് റാലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

റിക്രൂട്ട്മെന്റിനായുള്ള വിവിധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും അവയുടെ കാര്യക്ഷമമായ നടത്തിപ്പിനും വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മനീഷ് ഭോല, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, കരസേന ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.