തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് പുതിയ ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചത്. തിരുവന്തപുരം മെഡിക്കൽ കോളേജിൽ 10 വർഷം പഴക്കമുള്ള ഹാർട്ട് ലങ് മെഷീനാണുണ്ടായിരുന്നത്. നിരന്തരമായ ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടും പലപ്പോഴും പ്രവർത്തനങ്ങൾക്ക് തടസം വന്നിരുന്നു. ഇതുകാരണം ശസ്ത്രക്രിയ മുടങ്ങിയ അവസ്ഥയുമുണ്ടായി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ട് പുതിയ ഹാർട്ട് ലങ് മെഷീൻ വാങ്ങാൻ അനുമതി നൽകിയത്.

ബൈപാസ് സർജറി, ഹൃദയ വാൽവ് മാറ്റിവയ്ക്കൽ തുടങ്ങി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്കെല്ലാം ഹാർട്ട് ലങ് മെഷീൻ ആവശ്യമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്കു പുറമേ എസ്.എ.ടി. ആശുപത്രിയിലും ഒരു ഹാർട്ട് ലങ് മെഷീൻ സ്ഥാപിച്ചിട്ടുണ്ട്.