ഏഴുവർഷത്തിനുള്ളിൽ ഉള്ളൂരിലെ പ്രവാസി രവീന്ദ്രന്‍ തന്റെ മട്ടുപ്പാവില്‍നിന്നും കൊയ്തെടുത്തത് 500 കിലോ നെല്ല്. ഇത്തവണയും വിളഞ്ഞുപഴുത്ത് സ്വർണനിറമാർന്ന നെല്‍ക്കതിരുകളാല്‍ സമ്പന്നമാണ് രവീന്ദ്രന്റെ മട്ടുപ്പാവ്. “ഈ നെല്‍വയലില്‍’ നിന്നുകൊണ്ട് വിളഞ്ഞുതുടുത്ത നെല്ലിന്റെ സുഗന്ധവും സംതൃപ്തിയും ആവോളം ആസ്വദിക്കുകയാണ് പരിസ്ഥിതി സ്നേഹികൂടിയായ രവീന്ദ്രൻ എന്ന കർഷകൻ.

മട്ടുപ്പാവിന്റെ 600 ചതുരശ്ര അടിസ്ഥലം പൂര്‍ണമായും നെൽകൃഷിക്കായി രവീന്ദ്രന്‍ മാറ്റിവച്ചിട്ടുണ്ട്. ഇത്തവണ 150 ചെടിച്ചട്ടികളിലായി ഉമ, പ്രത്യാശ ഇനങ്ങളിൽപെട്ട നെൽവിത്തുകളാണ് നട്ടത്. നല്ല വിളവുതരുന്ന ഉമ നെൽ വിത്തുകളാണ് നൂറോളം ചെടിച്ചട്ടികളിലായി രവീന്ദ്രൻ കൃഷി ചെയ്യുന്നത്.

പന്ത്രണ്ടുവർഷംമുമ്പ് 275 കിലോ കാച്ചിൽ മട്ടുപ്പാവില്‍ വിളവെടുത്തതോടെയാണ് രവീന്ദ്രന്റെ കൃഷി വൈഭവം നാടറിഞ്ഞത്. ഇതേത്തുടര്‍ന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിക്കുകയും ചെയ്തു രവീന്ദ്രന്‍.

മട്ടുപ്പാവിൽ നെല്ലു മാത്രമല്ല ജൈവ കൃഷിയിലൂടെ വിവിധ തരം പച്ചക്കറികളും വർഷങ്ങളായി അദ്ദേഹം കൃഷി ചെയ്തുവരുന്നു. രവീന്ദ്രനും ഭാര്യ സിന്ധുവും വർഷങ്ങളായി ഓണമുണ്ണുന്നത് വീടിന്റെ മട്ടുപ്പാവില്‍ വിളവെടുത്ത അരിയും പച്ചക്കറിയും കൊണ്ടാണ്. പൂര്‍ണമായും ജൈവകൃഷിരീതിയാണ് രവീന്ദ്രന്‍ അവലംബിക്കുന്നത്. രാസവളങ്ങളുടെ പ്രയോ​ഗം ടെറസിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും പറയുന്നു, 67––ാം വയസ്സിലും കൃഷിചെയ്യുന്ന ഈ കര്‍ഷകന്‍