റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ റോഡ് സുരക്ഷാ സമിതി അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി കൊല്ലം കളക്ടർ അഫ്‌സാന പർവീൺ.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് മതിയായ റോഡ് സുരക്ഷ ഉറപ്പാക്കണം.

പ്രധാനപ്പെട്ട ജംഗ്ഷനുകളിലും സ്‌കൂളുകള്‍ക്ക് സമീപവും അവ്യക്തമായ സീബ്രാലൈനുകള്‍ പുനഃസ്ഥാപിക്കണം.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് തടിക്കാട് അഞ്ചല്‍ ബൈപ്പാസ് റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

കുന്നിക്കോട്- കുര റെയില്‍വേസ്റ്റേഷന്‍- മൈലം റോഡിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കല്ലുവാതുക്കല്‍ ജംഗ്ഷനില്‍ പെര്‍മിറ്റ്/ലൈസന്‍സ് ഇല്ലാതെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് നിരന്തര പരിശോധന ഏര്‍പ്പെടുത്തി.

കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ റോഡിന് ഇരുവശവും പരസ്യബോര്‍ഡുകള്‍, ടൈലുകള്‍ തുടങ്ങിയവ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്നത് അടിയന്തരമായി നീക്കം ചെയ്യാന്‍ യോഗം നിര്‍ദേശിച്ചു.

കൊട്ടാരക്കര-ആയൂര്‍ റോഡില്‍ കമ്പങ്കോട് പാലത്തിന് മുന്നോടിയായുള്ള മീഡിയനില്‍ വാര്‍ഡിംഗ് ബോര്‍ഡുകളും റിഫ്‌ലക്‌സീവ് മാര്‍ക്കിങ്ങുകളും സ്ഥാപിക്കാന്‍ കൊട്ടാരക്കര കെ എസ് ടി പിക്ക് നിര്‍ദേശം നല്‍കി.

കരുനാഗപ്പള്ളി ഇടമുളക്കല്‍ റെയില്‍വേ ഗേറ്റുമായി ബന്ധപ്പെട്ട റോഡുകളിലെ ഗതാഗതക്കുരുക്ക് നിയന്ത്രണവിധേയമാക്കും.

പുത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുളക്കട സ്‌കൂള്‍ ജംഗ്ഷനില്‍ ശക്തമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും.

കൂടാതെ സ്‌കൂള്‍ അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും.

തെക്കുംഭാഗം- പാവുമ്പ ക്ഷേത്രത്തിന് മുന്നിലെ അപകടകരമായ ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്തു.

ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷനിലെ മത്സ്യബന്ധന മാര്‍ക്കറ്റ് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.

കടമ്പാട്ടുകോണം മുതല്‍ മേവറം വരെയുള്ള പ്രദേശത്ത് ദേശീയപാത നിര്‍മാണം നടക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ വഴിവിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പാതകളുടെ ഇരുവശവും കുഴികള്‍, ഓടകള്‍ തുടങ്ങിയവ നിര്‍മിക്കുമ്പോള്‍ കൃത്യമായ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു.