*ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ സ്‌കൂളിന് ലൈബ്രറി ഓഡിറ്റോറിയത്തിൽ തുടക്കമായി. അവധിക്കാലത്തെ ആഘോഷകരമാക്കുന്ന ക്ലാസുകൾ, മുഖാമുഖങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ അനുഭവ വിവരണം കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമ്മർ സ്‌കൂൾ മേയ് 12 വരെ നീണ്ടു നിൽക്കും. സമ്മർ സ്‌കൂളിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

പഠന സംഘർഷമില്ലാതെ കുട്ടികളിൽ സർഗ്ഗാത്മകത വളർത്താൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്നും ക്ലാസ് മുറികളിൽ നിന്ന് പഠിക്കുന്നതിനേക്കാളേറെ ക്ലാസ് മുറിക്ക് പുറത്തു നിന്ന് പഠിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെയും, അവധി ദിവസങ്ങളിൽ പുസ്തകം ലൈബ്രറിയിൽ മടക്കി നൽകാവുന്ന സംവിധാനത്തിന്റേയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറിലേറെ കുട്ടികളാണ് സമ്മർ സ്‌കൂളിൽ പങ്കെടുക്കുന്നത്. മന്ത്രി വീണാ ജോർജ്ജ് , കവി മുരുകൻ കാട്ടാക്കട, മുൻ ഇന്ത്യൻ വോളിബോൾ താരം പി ആർ ശ്രീദേവി എഴുത്തുകാരി ഖയറുന്നിസ നർത്തകി നീന പ്രസാദ് തുടങ്ങിയ ഒട്ടേറെ പ്രമുഖർ വിവിധ ദിവസങ്ങളിൽ സമ്മർ സ്‌കൂളിൽ പങ്കെടുക്കും.