ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്ഘാടനം ചെയ്യും
വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍603 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രിൽ ഒന്നു മുതൽ 2025 നവംബർ 23 വരെയാണ് പരിപാടികള്‍. ഏപ്രിൽ ഒന്നിന് വൈക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെ 603 ദിവസങ്ങളിലായാണ് വൈക്കം സത്യാഗ്രഹം നടന്നത്. സത്യഗ്രഹ സ്മരണയിൽ നിന്നു രൂപപ്പെടുന്ന നവോത്ഥാന മൂല്യങ്ങൾ വരും തലമുറകൾക്ക് കൈമാറുക എന്നതാണ് ശതാബ്ദി ആഘോഷ സന്ദേശം.ദേശീയ സ്വാതന്ത്ര്യസമരത്തിനുതന്നെ ഊർജ്ജം പകർന്ന സമരമായിരുന്നു വൈക്കത്ത് നടന്നത്. സഞ്ചാരസ്വാതന്ത്ര്യം, പൗരാവകാശം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നേടുന്നതിനും അയിത്താചാരണം, അനാചാരങ്ങൾ, ജാതീയത എന്നിവ നിരാകരിക്കുന്നതിനുമുള്ള ആഹ്വാനമായിരുന്നു സമരത്തിൽ ഉയർന്നു കേട്ടത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ സന്ദേശം ആധുനിക കാലത്തും പ്രസക്തമാണ്. വർഗ്ഗീയ തീവ്രവാദവും പൗരസ്വാതന്ത്ര്യ നിഷേധവും വിഭാഗീയതയും ജനാധിപത്യവിരുദ്ധതയും പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ വൈക്കം സത്യഗ്രഹ സന്ദേശം വരും തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതുണ്ട്.
ഏപ്രില്‍ ഒന്നിന് വൈകിട്ട് 3 മണിക്ക് വൈക്കത്ത് നടക്കുന്ന ഉദ്ഘാടനചടങ്ങ് വൈക്കം പെരിയാര്‍ സ്മാരകത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ നടത്തുന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണു ആരംഭിക്കുക. മഹാത്മാ ഗാന്ധി, പെരിയാര്‍, ടി.കെ മാധവന്‍, മന്നത്ത് പദ്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളോടൊപ്പം കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍ തുടങ്ങിയ സത്യഗ്രഹികളുടെ പ്രത്യേകം തയ്യാറാക്കിയ സ്മൃതിമണ്ഡപങ്ങളിലും പുഷ്പാര്‍ച്ചന മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തും. സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് അവതരിപ്പിക്കും. ശതാബ്ദിയുടെ ലോഗോ ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വൈക്കം എം.എല്‍.എ സി.കെ ആശയ്ക്ക് നല്‍കി നിര്‍വഹിക്കും. വൈക്കം സത്യഗ്രഹ കൈപ്പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാഴിക്കാടന്‍ എം.പി ക്ക് കൈമാറി നിര്‍വഹിക്കും.
വൈക്കം സത്യഗ്രഹ സ്മരണകൾ മുൻനിർത്തിയുള്ള 603 ദിവസം നീണ്ടുനില്ക്കുന്ന പ്രചാരണപരിപാടികൾ വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കും. സത്യഗ്രഹത്തിന്റെ ചരിത്രവഴികൾ പിൻപറ്റുന്ന സെമിനാറുകൾ, സത്യഗ്രഹ നേതാക്കളെക്കുറിച്ചുള്ള അനുസ്മരണ പരമ്പര, വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് നടന്ന സവർണ്ണ ജാഥയുടെ പുനരാവിഷ്ക്കാരം, മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും വൈക്കം സന്ദർശനം സംബന്ധിച്ച ഓര്‍മ്മ പുതുക്കൽ, പൗരാവകാശങ്ങൾ ആചാരങ്ങൾ തുടങ്ങിയവ മുൻനിർത്തിയുള്ള സംവാദങ്ങൾ, നവോത്ഥാന സംവാദങ്ങൾ, നവോത്ഥാന നായകരുടെ സ്മൃതിമണ്ഡപങ്ങളിൽ നിന്നുള്ള സത്യാഗ്രഹ സ്മാരക പദയാത്ര, വിളംബര ജാഥകൾ, ചിത്ര, ശില്പ, സിനിമാ പ്രദർശനങ്ങൾ, പുസ്തക പ്രദർശനം, കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചു നൽകിയ കത്ത് സാംസ്‌കാരിക മന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രിക്കു കൈമാറി. ക്ഷണം സ്വീകരിക്കുന്നതായും കേരളത്തിൽ ഒരു ദിവസം ചെലവഴിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചയിൽ സ്റ്റാലിൻ അറിയിച്ചു. വൈക്കത്ത് പെരിയാർ ഇ വി രാമസ്വാമി നായ്ക്കരുടെ സ്മാരക വിപുലീകരണം, കേരള തമിഴ്‌നാട് സാംസ്‌കാരികവിനിമയ പദ്ധതി തുടങ്ങിയവ സംബന്ധിച്ച നിവേദനങ്ങൾ മന്ത്രി സജി ചെറിയാൻ എം കെ സ്റ്റാലിന് നൽകി. രണ്ടു കാര്യങ്ങളിലും അനുഭാവപൂർണ്ണമായ സമീപനം അദ്ദേഹം ഉറപ്പു നൽകി.