പൊതുവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേടിയ നേട്ടങ്ങൾ മുറുകെപ്പിടിക്കണമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ഒന്നാമത് നിൽക്കുന്ന കേരളം അന്തർദേശീയ നിലവാരത്തിൽ ഉന്നതിയിൽ എത്താനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ രംഗത്തെ മികവും മേന്മയും കേരളത്തിന് ദേശീയ പ്രശസ്തി നേടിത്തന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമാണ് കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാമത് എത്തിച്ചത്. നീതി ആയോഗിന്റെ നാഷണൽ സ്‌കൂൾ ഇൻഡക്‌സിൽ കഴിഞ്ഞ ആറു വർഷമായി കേരളമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തെക്കാൾ ബഹുദൂരം മുൻപിലാണ് കേരളം. ഇനി നമ്മുടെ ലക്ഷം അന്തർദേശീയ നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ എത്തുക എന്നുള്ളതാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുറ്റ കെട്ടിടങ്ങൾ പൊതു വിദ്യാഭ്യാസ നിലവാരത്തിന്റെ സൂചകങ്ങളാണെന്നു മന്ത്രി പറഞ്ഞു. സജീവമായ പി.ടി.എകളും പ്രതിബദ്ധതയുള്ള അധ്യാപകരും പൊതുവിദ്യാഭ്യാസ രംഗത്തിന്റെ ഊർജമാണ്. ജനകീയ പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തുന്ന മികവിന്റെ പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നും മന്ത്രി പറഞ്ഞു.