ഗവേഷണം ഏകോപിപ്പിക്കാൻ ഡി.എം.ഇ.യിൽ ഓഫീസ് സംവിധാനം

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച ഗവേഷണത്തിന് സർക്കാർ പുരസ്‌കാരം നൽകുന്നത് പരി​ഗണനയിൽ. മെഡിക്കൽ കോളേജുകളിലെ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിൽ സംസ്ഥാനതല ഓഫീസ് ഡി.എം.ഇ.യിൽ ആരംഭിക്കും. സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) വിപുലീകരിക്കും. ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ വിളിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം.

10 മെഡിക്കൽ കോളേജുകളിൽ പാലിയേറ്റീവ് കെയർ പദ്ധതി ആരംഭിക്കും. ഓരോ മെഡിക്കൽ കോളേജിനും 10 ലക്ഷം രൂപ വീതം ആകെ ഒരു കോടി രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലിയേറ്റീവ് കെയർ രോഗികൾക്ക് മികച്ച പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മെഡിക്കൽ കോളേജുകളെ സെന്റർ ഓഫ് എക്സലൻസ് ആക്കുന്നതിനും മെഡിക്കൽ കോളേജുകളുടെ റേറ്റിംഗ് ഉയർത്തുന്നതിനുമുള്ള ഗ്യാപ് അനാലിസിസ് നടത്താനും മന്ത്രി നിർദേശം നൽകി.