

സംസ്ഥാനം അഭിമുഖീകരിക്കുന്ന ലഹരിമരുന്നുകളുടെ മാരകവിപത്തിനെതിരെയുള്ള യുദ്ധത്തില്‍ മുന്നണി പോരാളികളാകാന്‍ ഇനി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ വിദ്യാലയത്തില്‍ നടക്കുന്ന മധ്യവേനലവധി സഹവാസ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ആന്റി ഡ്രഗ് അംബാസഡര്‍മാരായി പ്രഖ്യാപിച്ചത്.സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക ആരോഗ്യപ്രശ്നമാണ് മയക്കുമരുന്നുകളോടുള്ള യുവതലമുറയുടെ അടിമത്തമെന്നും ഇത് നേരിടാന്‍ ഓരോ എസ്.പി.സി കേഡറ്റും തങ്ങളുടെ ചുറ്റപാടുകളെക്കുറിച്ച് സദാ ജാഗരൂകരായി ഇരിക്കണമെന്നും സംശയകരമായ സാഹചര്യം സ്കൂളിലായാലും വീടുകളിലായാലും റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കരുതെന്നും അദ്ദേഹം കേഡറ്റുകളെ ഓര്‍മിപ്പിച്ചു. എസ്.പി.സി കേഡറ്റുകളെ യൂണിസെഫ് ചൈല്‍ഡ് റൈറ്റ് ചാമ്പ്യന്മാരായും ചടങ്ങില്‍ പ്രഖ്യാപിച്ചു.
യൂണിസെഫും കേരള പോലീസും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് രംഗത്ത് മാത്രമല്ല ഇനിയും മറ്റുപല മേഖലകളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അതിനു യൂണിസെഫിന്റെ ഭാഗത്തു നിന്ന് എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവുമെന്നും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച യൂണിസെഫ് മേഖലാ മേധാവി കെ എല്‍ റാവു പറഞ്ഞു.
ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് സ്വാഗതവും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയും എസ്.പി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ എസ് അജിത ബീഗം നന്ദിയും പറഞ്ഞു.രാവിലെ പുതിയ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന് തമ്പി ഹാളില്‍ നടന്ന എസ്.പി.സി കേഡറ്റുകളുടെ മോക്ക് പാര്‍ലമെന്റ് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ നാടൊന്നാകെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അവസരത്തിലാണ് എസ്.പി.സി കേഡറ്റുകളെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ അംബാസഡര്‍മാരാക്കുന്നത് എന്ന കാര്യം എല്ലാ കേഡറ്റുകളും ഓര്‍ത്തിരിക്കേണ്ട കാര്യമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
ഓരോ എസ്.പി.സി കേഡറ്റും രാസലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന മോക്ക് പാര്‍ലിമെന്റില്‍ എസ്.പി.സി കേഡറ്റുകള്‍ ലഹരിവിരുദ്ധ പ്രമേയമാണ് ചര്‍ച്ച ചെയ്തത്.മോക്ക് പാര്‍ലമെന്റിനു ശേഷം എസ്.പി.സി കേഡറ്റുകള്‍ നിയമസഭയും സന്ദര്‍ശിച്ചു.


