വ്യവസായ വകുപ്പിന്റെ സംരംഭകവർഷം പദ്ധതിയിൽ 2024 ഏപ്രിൽ ഒന്നുമുതൽ ഇതുവരെ കൊല്ലം ജില്ലയില്‍ ആരംഭിച്ചത്‌ 4505 സംരംഭം. 329.81 കോടിയുടെ നിക്ഷേപം വഴി 9386 തൊഴിൽ ലഭിക്കും. 2024–-25ൽ 8400 സ്റ്റാർട്ടപ്പാണ്‌ ജില്ല ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ഇതുവരെയുള്ള രജിസ്‌ട്രേഷനിൽ രണ്ടാം സ്ഥാനത്താണ്‌ കൊല്ലം.

30നകം പുതിയ വ്യവസായ സംരംഭകർക്കുള്ള ജനറൽ ഓറിയന്റേഷൻ പ്രോഗ്രാമുകൾ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പൂർത്തിയാക്കും. സന്നദ്ധത അറിയിച്ച്‌ മുന്നോട്ടുവന്നവരുടെ സംരംഭകസഭ ഒക്ടോബറിൽ ആരംഭിക്കും.

സംരംഭക സഭകളിൽ വിവിധ വകുപ്പുകളിൽനിന്ന് സംരംഭകർ എടുക്കേണ്ട ലൈസൻസുകൾ, സബ്സിഡി അപേക്ഷകൾ സമർപ്പിക്കുന്നതിനും വിവിധ ധനസ്ഥാപനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനുമുള്ള പ്രത്യേക വേദി എന്നിവ ഒരുക്കും. ജില്ലയിലെ 68 പഞ്ചായത്ത്‌, നാല്‌ മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവ കേന്ദ്രീകരിച്ച്‌ 73 സഭയാണ്‌ ചേരുന്നത്‌.

എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനൊപ്പം സഞ്ചരിക്കുകയാണ്‌ സംരംഭകർ. സംസ്ഥാനതലത്തിൽ ഇക്കൊല്ലം ഇതുവരെ 46,300 സംരംഭം രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ജില്ലയിലെ 4505 പുതിയ സംരംഭത്തിൽ 1423 പേരും വനിതകളാണ്‌. പുനലൂർ, കുന്നത്തൂർ, കൊട്ടാരക്കര നിയോജകമണ്ഡലങ്ങളിൽ യഥാക്രമം 505, 478, 468 എന്നിങ്ങനെയാണ്‌ രജിസ്‌ട്രേഷനിൽ മുന്നിലുള്ളത്‌. പഞ്ചായത്തുകളിൽ 91 സംരംഭവുമായി തൊടിയൂർ ഒന്നാമതും മുനിസിപ്പാലിറ്റികളിൽ 91 സംരംഭവുമായി പുനലൂരും മുന്നിലെത്തി.

പുതിയ സംരംഭങ്ങൾ തുടങ്ങാൻ മാത്രമല്ല, പാതിവഴിയിൽ തളർന്നുപോയവരെ വിജയത്തിലെത്തിക്കാനൂം വ്യവസായവകുപ്പ്‌ വഴികാട്ടുന്നു. ഇതിനായി വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി സംരംഭകരെ ബന്ധപ്പെടുത്തുന്നു. കൂടാതെ പരിശീലനവും പിന്തുണയും ഉറപ്പാക്കാനും പദ്ധതികളുണ്ട്‌. വിവിധ മേഖലകളിൽനിന്നുള്ള ബിസിനസ്‌ സ്‌പേസ്‌, ബ്രാൻഡ്‌ വിപുലീകരണം എന്നിവയ്‌ക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിനും വ്യവസായവകുപ്പ്‌ പ്രത്യേക  താൽപ്പര്യം കാണിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!