സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. 

വെയിൻ ടു വെയിൻ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. ട്രയൽ റൺ വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ രക്തം സൂക്ഷിക്കുന്നത് രണ്ടു മുതൽ എട്ട് ഡിഗ്രി താപനിലയിലാണ്. ഈ താപനിലയിൽ നിന്നും കുറഞ്ഞാലോ കൂടിയാലോ രോഗിയുടെ ശരീരത്തിൽ റിയാക്ഷൻ ഉണ്ടാകും. ഈ സാങ്കേതികവിദ്യയിലൂടെ കൃത്യമായ താപനില നിരീക്ഷിക്കാൻ കഴിയുന്നു. ഇതിനായി ബ്ലഡ് ബാഗിൽ ആർഎഫ്ഐഡി (Radio Frequency Identification) ലേബൽ ഘടിപ്പിക്കുന്നു. ഇതിലൂടെ ആ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജിസ്റ്റർ ചെയ്ത മൊബൈലിലോ ഇ മെയിലിലോ മെസേജ് വരുന്നു. ഉടൻ തന്നെ ആ രക്തം പിൻവലിക്കാൻ സാധിക്കുന്നു. മാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. രക്തം എക്‌സ്പിയറി ഡേറ്റ് കഴിയാതെ കൃത്യമായി പോർട്ടലിലൂടെ ഓർമ്മിപ്പിക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നു. അതിനാൽ തന്നെ പാഴാവുന്ന രക്തം പരമാവധി കുറയ്ക്കാനും സാധിക്കുന്നു.

പലതരം പ്രക്രിയകളിലൂടെയാണ് സുരക്ഷിതമായ രക്ത ശേഖരണം നടത്തുന്നത്. അണുവിമുക്തമായ കവറിൽ രക്തം ശേഖരിച്ച് കഴിഞ്ഞാൽ രക്തത്തിൽ കൂടി പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സീറോളജി ടെസ്റ്റ് നടത്തും. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി-സി, മലേറിയ, സിഫിലീസ് എന്നീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ആ രക്തം നശിപ്പിച്ച് കളയും. ഒപ്പം ആ രക്തദാതാവിനെ വിളിച്ച് വരുത്തി ഒരിക്കൽകൂടി പരിശോധിച്ച് ആ രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ കൗൺസിലിംഗിനും ചികിത്സയ്ക്കും വിധേയമാക്കുകയും ചെയ്യും.

വേർതിരിച്ച രക്ത ഘടകങ്ങൾ ശീതികരണ സംവിധാനമുള്ള പ്രത്യേകം സംഭരണികളിൽ സൂക്ഷിക്കുന്നു. 4 മുതൽ 6 ഡിഗ്രി സെൽഷ്യസിൽ ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററിലാണ് റെഡ് സെൽസ് സൂക്ഷിക്കുന്നത്. ഇത് ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം. 20 മുതൽ 24 ഡിഗ്രി സെൽഷ്യസിൽ പ്ലേറ്റ്‌ലെറ്റ് അജിറ്റേറ്ററിലാണ് പ്ലേറ്റ്‌ലെറ്റ് സൂക്ഷിക്കുന്നത്. ഇതിന്റെ ആയുസ് മൂന്ന് മുതൽ അഞ്ച് ദിവസം മാത്രമാണ്. മൈനസ് 20, മെനസ് 40, മെനസ് 80 ഡിഗ്രി സെൽഷ്യസിൽ ഡീപ്പ് ഫ്രീസറിലാണ് പ്ലാസ്മ സൂക്ഷിക്കുന്നത്. പ്ലേറ്റ്‌ലെറ്റ് ഉടൻ തന്നെ രോഗിക്ക് നൽകണം. പ്ലാസ്മ 30 മിനിറ്റിനകവും റെഡ്‌സെൽസ് രണ്ട്-മൂന്ന് മണിക്കൂറിനുള്ളിലും മുഴുവൻ നൽകണം.