തൃശൂർ: തൃശൂർ കയ്പമംഗലം മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവ്വേഷ് മുഷറഫ് എന്നിവരെയാണ് തൃശൂർ റൂറൽ ഡാൻ സാഫ് ടീമും, കയ്പമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.  ഇവരിൽ നിന്നും ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. 

ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി. ബീഹാറിൽ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കും, മറ്റുമായി വില്‌പന നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. മൂന്നുപീടിക അറവുശാല ബസ് സ്റ്റാന്‍റ് കെട്ടിടത്തിൽ ഹോട്ടൽ നടത്തി വരികയായിരുന്നു പ്രതികൾ. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അതിനിടെ ആലപ്പുഴ കുമരകത്ത് നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. വേളൂർ സ്വദേശി സലാഹുദ്ദീൻ (29 വയസ്സ്), ഉളികുത്താം പാടം സ്വദേശി ഷാനവാസ് (18 വയസ്സ് ) എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച ശേഷം നിയമപാലകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുവാൻ കുമരകത്ത് കായൽ തീരത്തുള്ള സ്വകാര്യ ആഡംബര റിസോർട്ടിൽ താമസിച്ചായിരുന്നു  വില്പന. റിസോർട്ടിൽ  നിന്നും ബാഗിൽ കഞ്ചാവുമായി ബാങ്ക് പടി ജംഗ്ഷനിലേക്ക് വരുന്നതിനിടയിലാണ് ഇവർ അറസ്റ്റിലായത്. സാലാഹുദീൻ നിരവധി ക്രിമിനൽ കേസുകളിലും മയക്ക്മരുന്ന് കേസുകളിലും പ്രതിയാണ്

error: Content is protected !!