ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സുതാര്യമായ ക്രയവിക്രയങ്ങള്‍ക്കായി സംയോജിത പോര്‍ട്ടല്‍ സംവിധാനം കൊണ്ടുവരുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പിന്റെ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കളക്ടറേറ്റ്- ആര്‍.ഡി.ഒ- താലൂക്ക് ഓഫീസുകള്‍ പൂര്‍ണമായും കടലാസുരഹിത പദ്ധതിയായ ഇ – ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രജിസ്‌ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ വിവിധ പോര്‍ട്ടലുകള്‍ സംയോജിപ്പിക്കുന്ന ഏകജാലക സംവിധാനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ’ ലക്ഷ്യത്തിനായി ഡിജിറ്റല്‍ റീ സര്‍വേ തുടരുകയാണ്. ആധുനികവും സുതാര്യവും വേഗതയേറിയതുമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന റീസര്‍വേ 1550 വില്ലേജുകളില്‍ നാലു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കലാണ് ലക്ഷ്യം. ഇത് കേരളത്തിലെ റവന്യൂ രേഖകളെ ഡിജിറ്റലൈസ് ചെയ്യാനും ലഭിക്കുന്ന പരാതികളില്‍ സുതാര്യത ഉറപ്പാക്കി വേഗത്തില്‍ പരിഹാരം കാണാനും സാധിക്കും.
ഇ-ഓഫീസ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കുമ്പോള്‍ രേഖകള്‍ നഷ്ടപ്പെടാതെ, കാലതാമസം ഇല്ലാതെ ഫയലുകള്‍ ലക്ഷ്യസ്ഥാനത്തില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിവേഗത്തിലാക്കും. പൊതുജനങ്ങള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ഈ രീതി തര്‍ക്കരഹിതമായ പരിഹാരം സമയബന്ധിതമായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ മേഖലയിലെ ഇ-ഗവേണന്‍സ് പരിഷ്‌കാരങ്ങള്‍ വകുപ്പിലെ സങ്കീര്‍ണമായ നടപടിപ്രക്രിയകളെ ലഘൂകരിക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്നും അധ്യക്ഷനായിരുന്ന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.