പ്രാദേശിക സാമ്പത്തിക വികസനം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. ജില്ലാ പഞ്ചായത്ത്‌ ജയൻ സ്മാരക ഹാളിൽ നവകേരളം തദ്ദേശകം 2.0 യുടെ അവലോകനയോഗത്തിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

പ്രാദേശിക സാമ്പത്തിക വികസനം ഉറപ്പാക്കിക്കൊണ്ട് മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകുവാൻ സാധിക്കൂ. ഇതിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. അത് കൊണ്ട് തന്നെ പദ്ധതി വിഹിതത്തിന്റെ 26.5 ശതമാനമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്.

വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ച കൈവരിക്കണം. ആയിരം പേർക്ക് അഞ്ച് തൊഴിൽ അവസരം തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കണം.

ഇതിനായി ചെറുകിട- സൂക്ഷ്മ സംരംഭങ്ങൾ വളർത്തിയെടുക്കണം. മറ്റ് വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനസോടെ ഇത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി 10 സെന്റ് ഭൂമി നൽകിയ മണപ്പള്ളി സ്വദേശി ബിനോയിയെയും കുടുംബത്തെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ചവറ സ്വദേശി രാജൻപിള്ള നവകേരളം തദ്ദേശം ആദ്യഘട്ടത്തിൽ നൽകിയ 40 സെന്റ് ഭൂമി 10 കുടുംബങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും കൈമാറി.

മികച്ച സേവനം കാഴ്ചവച്ച സെക്രട്ടറിമാരെയും ഐ. എൽ.എം.ജി.എസ് പോർട്ടൽ മുഖേന ഫയലുകൾ തീർപ്പാക്കി ജില്ലയിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ തഴവ, മേലില, കുളത്തൂപ്പുഴ പഞ്ചായത്തുകളെയും ആദരിച്ചു.