രാജ്യത്ത് ദുരന്ത നിവാരണത്തിൽ ആദ്യ എംബിഎ കോഴ്‌സ് കേരളത്തിൽ ആരംഭിച്ചു. റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിൽ ആരംഭിക്കുന്ന എംബിഎ കോഴ്‌സ് രാജ്യത്ത് ആദ്യമായാണ്. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി കെ രാജനാണ് നിർവ്വഹിച്ചത്.

ഐഎൽഡിഎമ്മിനെ സെന്റർ ഫോർ എക്‌സലൻസാക്കി ഉയർത്തുക എന്നതാണ് ലക്ഷ്യം. എഐസിടിഇ അംഗീകാരത്തോടെ കേരള സർവകലാശാല സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് എംബിഎ കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ദുരന്തങ്ങളുടെ വ്യാപ്തികൾ അനുഭവിക്കുകയും നിവാരണ ലഘൂകരണത്തിൽ പങ്കാളികളാകുകയും ചെയ്ത പ്രഗൽഭരായവരുടെ അനുഭവങ്ങൾ കോഴ്‌സിന്റെ ഭാഗമായി പങ്കുവെക്കും. സിലബസുകൾക്കപ്പുറം ദുരന്ത നിവാരണ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി മാറാനുള്ള മനസ്സ് ഉണ്ടാവുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

റവന്യൂ ജീവനക്കാർക്ക് പരിശീലനം നൽകുന്ന ഒരു സ്ഥാപനത്തിനപ്പുറം ഇൻഫർമേഷൻ ബ്യൂറോ, കോൾ സെന്റർ എന്നിവ തുടങ്ങാൻ ഐഎൽഡി എമ്മിന് സാധിച്ചു. പ്രളയത്തിനു ശേഷം കേരളത്തിലെ പുഴകൾക്ക് മാർക്ക് രേഖപ്പെടുത്തുകയും പുസ്തകങ്ങളായി പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനും സാധിച്ചു. പ്രളയ ബാധിതരായവരുടെ മാനസികാരോഗ്യ ക്ലിനിക്കായി പ്രവർത്തിച്ചും ഐഎൽഡിഎം മാതൃകയായി. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന വരൾച്ചയും പ്രളയവുമടക്കമുള്ള ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ദുരന്ത ലഘൂകരണത്തിനും നിവാരണത്തിനും കഴിയുന്ന വരായി ഈ ബാച്ചിൽ പ്രവേശനം നേടിയ എംബിഎ ബിരുദധാരികൾ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!