അമിത ഭാരമുള്ള ചരക്ക്‌ കയറ്റാനും ഇറക്കാനും കടത്താനും ഒറ്റവാഹനം. ട്രക്കും ഹൈഡ്രോളിക് ക്രെയിനും സംയോജിപ്പിച്ച കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ഭൂം ട്രക്കിന്‌ പ്രിയമേറുന്നു. നൂതനമായ ഈ ട്രക്ക് മൗണ്ടഡ് ക്രെയിനുകൾ ഉൽപ്പാദിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനി തൃശൂർ മതിലകത്ത്‌ ആരംഭിച്ച്‌ മാസങ്ങൾക്കകം ആവശ്യക്കാർ ഏറുകയാണ്‌. ഖത്തർ സീഷോർ ഗ്രൂപ്പിന്റെ കീഴിലുള്ള മതിലകം ലിവേജ് എൻജിനിയറിങ് കമ്പനിയാണ്‌ നൂതന ക്രെയിനുകൾ നിർമിച്ച്‌ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്‌. 300 കോടി നിക്ഷേപം ലക്ഷ്യംവയ്‌ക്കുന്ന  ഈ കമ്പനി കേരളത്തിലെ വ്യവസായക്കുതിപ്പിന്റെ പ്രതീക്ഷയാണ്‌.

സാറ്റോ എന്ന ബ്രാൻഡ് നാമത്തിലാണ്‌ സാറ്റോ ടെലിസ്കോപിക് ട്രക്ക് മൗണ്ടഡ് ക്രെയിൻസ് പുറത്തിറക്കിയത്‌. എട്ട്‌ ടൺ, അഞ്ച്‌ ടൺ, മൂന്ന്‌ ടൺ എന്നിങ്ങനെ  ഭാരത്തിന്റെ അടിസ്ഥാനത്തിൽ  ക്രെയിനുകൾ പുറത്തിറക്കി. വാഹനചേസ്‌ ഉപയോക്താവ്‌ വാങ്ങി നൽകിയാൽ ക്രെയിൻ ഘടിപ്പിച്ച്‌ മറ്റു പ്രവൃത്തികൾ കമ്പനി പൂർത്തിയാക്കുന്നതോടെ ഭൂംട്രക്കായി മാറും. ആർടിഒ രേഖകളും ശരിയാക്കും. എട്ട്‌ ടണ്ണിന്‌ 23 ലക്ഷം, അഞ്ച്‌ ടണ്ണിന്‌ 20 ലക്ഷം, 3 ടണ്ണിന്‌ 17 ലക്ഷം എന്നിങ്ങനെയാണ്‌ വില. ഡ്രൈവർക്ക്‌ തനിയെ ക്രെയിൻ കൈകാര്യം ചെയ്യാം.

ചരക്ക്‌ കയറ്റിയാൽ ക്രെയിൻ ചുരുക്കാം. ട്രക്കിൽ കൊണ്ടുപോകാം. ഹൈഡ്രോളിക് -പവറിൽ 360 ഡിഗ്രിയിൽ കറക്കാം. ഫാക്ടറികളിലും വാടകയ്‌ക്കും ഉപയോഗിക്കാം. സംസ്ഥാന വ്യവസായ മന്ത്രി പി രാജീവാണ്‌ കമ്പനി കമീഷൻ ചെയ്‌തത്‌. സംസ്ഥാന സർക്കാരിന്റെയും വകുപ്പുകളുടെയും നല്ല പിന്തുണ ലഭിച്ചതായി കമ്പനി  ചെയർമാൻ  സീഷോർ മുഹമ്മദലി പറഞ്ഞു. അന്താരാഷ്‌ട്ര നിലവാരമുള്ള ഓട്ടോമാറ്റിക് യന്ത്രങ്ങൾ പ്രയോജനപ്പെടുത്തി അത്യാധുനിക സാങ്കേതിക വിദ്യകൾ ഉറപ്പാക്കിയിട്ടുണ്ട്‌.