
അത്യാധുനിക ചികിത്സ സംവിധാനങ്ങളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ളതെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രികളില്‍ രോഗി സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തും. സംസ്ഥാനത്തെ ആരോഗ്യമേഖല രാജ്യത്തിന് തന്നെ മാതൃകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
എന്‍ എച്ച് എം ഫണ്ടിനത്തില്‍ നിന്നും 15,70,000 രൂപ വിനിയോഗിച്ചാണ് ഒ പി യൂണിറ്റ് നവീകരിച്ചത്. മുന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 20,90,248 രൂപയും എച്ച് എം സി ഫണ്ടിനത്തിലുള്ള 1,21,040 രൂപയും ചേര്‍ത്ത് 22,11,288 രൂപ ചെലവിലാണ് എക്‌സ്-റേ യൂണിറ്റ് സ്ഥാപിച്ചത്.
സായാഹ്ന ഒ പി, 34 പേരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനം, 24 മണിക്കൂര്‍ ഐ പി സേവനം, സെമി ഓട്ടോ ബയോ കെമിസ്ട്രി അനലൈസര്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തുന്ന ലബോറട്ടറി, എല്ലാവിധ മരുന്നുകളും ലഭ്യമാകുന്ന ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം, സെക്കന്റി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം, പകല്‍വീട്, നേത്ര പരിശോധന സംവിധാനം, ഫിസിയോയോതെറാപ്പി, എക്‌സ്‌റേ തുടങ്ങിയ സേവനങ്ങളോടുകൂടിയാണ് ഒ പി നവീകരിച്ചത്.







