
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഫാര്‍മസിയുടെയും, ലബോറട്ടറിയുടെയും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെയും ജി എസ് ജയലാല്‍ എം എല്‍ എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. 13 സ്റ്റാഫ് നേഴ്‌സുമാരുടെയും ആറ് ഫാര്‍മസിസ്റ്റുകളുടെയും ഒഴിവുകളിലേക്ക് നിയമനം നടത്തും. ആശുപത്രിയുടെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സി എസ് ആര്‍ ഫണ്ട് കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രതിനിധി രഘുനാഥന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പ്രതിനിധി സേതുമാധവന്‍, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ പ്രതിനിധി,ജെ സി അനില്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഗോപകുമാര്‍, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് പി വി ബെന്നി, ലെ സെക്രട്ടറി ഷീന തുടങ്ങിയവര്‍ പങ്കെടുത്തു.







