
തിരുവനന്തപുരം: അഞ്ചുവയസ്സുകാരനെ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. മൈലച്ചിൽ സ്വദേശി സുബിൻ (29) ആണ് പിടിയിലായത്.നെയ്യാറ്റിൻകര ആര്യൻകോടിൽ ആണ് സംഭവം. പാച്ചല്ലൂർ സ്വദേശിയായ വിധവയോടൊപ്പം താമസിച്ചു വരികയായിരുന്നു സുബിൻ. മദ്യലഹരിയിലെത്തിയ ഇയാൾ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മർദ്ദിക്കുക ആയിരുന്നു. രക്ഷിക്കാൻ ശ്രമിച്ച കുട്ടിയുടെ അമ്മക്കും മർദ്ദനമേറ്റിട്ടുണ്ട്.
പാച്ചല്ലൂർ സ്കൂളിലെ ഡ്രൈവറായ ഇയാൾ ഭർത്താവ് മരിച്ച രണ്ട് കുട്ടികളുടെ അമ്മയും പാച്ചല്ലൂർ സ്വദേശിയുമായ യുവതിയെ സ്കൂളിൽ വച്ചായിരുന്നു പരിചയപ്പെട്ടത്. തുടർന്ന്, ആര്യൻകോട് മൈലച്ചിലെ വീട്ടിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. മദ്യപിച്ച് എത്തി സ്ഥിരമായി ബഹളവും കലഹവും ഇവിടെ പതിവാണ്. നാട്ടുകാർ ചേർന്ന് പിടികൂടി പ്രതിയെ ആര്യൻകോട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.




