കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി മേപ്പയൂർ സ്വദേശി അനുഗ്രഹ. പേരാമ്പ്ര-വടകര റൂട്ടിലോടുന്ന നോവ ബസിന്റെ വളയമാണ് അനുഗ്രഹ പിടിക്കുന്നത്. കുട്ടിക്കാലം മുതലുള്ള ഡ്രൈവിങ് മോഹമാണ് അനുഗ്രഹയെ ഈ ജോലിയിലേക്ക് എത്തിച്ചത്. 18-ാം വയസ്സില്‍ തന്നെ ലൈറ്റ് മോട്ടോർ വെഹിക്കിള്‍ ലൈസന്‍സും 24-ാം വയസ്സില്‍ ഹെവി ലൈസന്‍സും സ്വന്തമാക്കി. ഹെവി ലൈസന്‍സ് ലഭിച്ചതിന് പിന്നാലെയാണ് നോവയിലെ ഡ്രൈവിങ് ജോലി ഏറ്റെടുക്കുന്നത്.
മേപ്പയൂർ എടത്തില്‍മുക്കിലെ മുരളീധരന്‍-ചന്ദ്രിക ദമ്പതികളുടെ മകളാണ് അനുഗ്രഹ. അച്ഛന്റെ പിന്തുണയാണ് തനിക്ക് ഊർജ്ജമായത്. അച്ഛനും മുത്തച്ഛനും അമ്മാവനുമെല്ലാം ഡ്രൈവറായിരുന്നു. അച്ഛന്‍ നിലവില്‍ ഗള്‍ഫിലാണ്. ലോജിസ്റ്റിക്സില്‍ ബിരുദാനന്തര ബിരുദമുണ്ടെങ്കിലും ഡ്രൈവിങ് ജോലിയില്‍ തുടരാനാണ് താല്‍പര്യം. ആളുകളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും അനുഗ്രഹ പറയുന്നു.
പെൺകുട്ടയായതിനാല്‍ ബസ് ഓടിക്കാനൊക്കെ പറ്റുമോ എന്നൊരു പേടി പലർക്കുമുണ്ടായിരുന്നു. അവരെ ഞാൻ കുറ്റം പറയില്ല. ആർക്കായാലും ഒരു ടെൻഷൻ ഉണ്ടാകും. ഒരു പെൺകുട്ടിക്ക് ഇതൊന്നും സാധിക്കില്ലെന്നാണ് അവരുടെ വിശ്വാസം. തിരക്കുള്ള റോഡിലൂടെ വലിയ വണ്ടിയിൽ ഇത്രയും ആൾക്കാരെയും കൊണ്ട് പോകാൻ സാധിക്കില്ലെന്നും അവർ കരുതുന്നുണ്ടാവും. എന്നാല്‍ അതൊന്നും എനിക്ക് പ്രശ്നമല്ലെന്നും അനുഗ്രഹ പറയുന്നു.
നിരവധി ആളുകള്‍ എന്നെ നേരിട്ടും അല്ലാതെയും പിന്തുണയ്ക്കുന്നു. ആശംസയും അഭിന്ദനവും അർപ്പിച്ചവർ ഏറെയാണ്. എനിക്ക് അതുമതി. ഞാൻ തുടങ്ങി വെച്ച ഈ മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ എത്തണം. ചെറുപ്പത്തില്‍ തന്നെ ഡ്രൈവിങ് ഇഷ്ടമായിരുന്നു. സ്കൂട്ടറും കാറുമെല്ലാം ഓടിക്കും. ജോലി രാജിവെച്ച് വീട്ടിലിരുന്നതാണ് ജീവിത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയത്. ഹെവി ലൈസന്‍സ് എടുക്കുന്നതിനെ പറ്റി ചിന്തിച്ചത് അപ്പോഴായിരുന്നു. വീട്ടുകാരോട് പറഞ്ഞപ്പോൾ അവരും സപ്പോർട്ട് ചെയ്തു. അച്ഛനാണ് എല്ലാത്തിനും മുൻപന്തിയിലുണ്ടായിരുന്നത്. പെണ്‍കുട്ടി ഒരു ആഗ്രഹം പറഞ്ഞാല്‍ രക്ഷിതാക്കളും ബന്ധുക്കളും അയൽക്കാർ ഉൾപ്പെടെയുള്ളവർ കൂടെനിന്ന് പിന്തുണ നൽകണം. അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ചേർത്ത് പിടിക്കണം. വീട്ടുകാർ എനിക്ക് നൽകിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്നും അനുഗ്രഹ കൂട്ടിച്ചേർക്കുന്നു.