2022 ലെ സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, യുവ സംരംഭകർ, വാണിജ്യ സംരംഭകർ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കാണ് സംസ്ഥാന സർക്കാർ അനെർട്ട് മുഖേന അവാർഡുകൾ നൽകുന്നത്. 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്.
സംസ്ഥാനതലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള മോണിട്ടറിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണ്ണയിക്കുന്നതിനുള്ള മേൽനോട്ട ചുമതല. അവാർഡിനുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ ശുപാർശ ചെയ്യുന്നത് ഇതിനായി നിയോഗിച്ചിട്ടുള്ള പ്രത്യേക ജഡ്ജിംഗ് കമ്മിറ്റിയാണ്. ഓരോ മേഖലയിലും അവാർഡിന് അർഹരാകുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും, ഫലകവും, പ്രശസ്തിപത്രവും നൽകുന്നതാണ്. അപേക്ഷാ ഫോറവും, മറ്റു മാർഗ്ഗ നിർദ്ദേശങ്ങളും അനെർട്ടിന്റെ www.anert.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, അനെർട്ട്, വികാസ് ഭവൻ പി.ഓ., തിരുവനന്തപുരം – 695 033 വിലാസത്തിൽ ഏപ്രിൽ 20 ന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 1803 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക.