കുരിയോട്ടുമല ഫാമിൽ 1.35 കോടി ചെലവിൽ ജില്ലാപഞ്ചായത്ത് ചെക്ക് ഡാം നിർമിക്കുന്നു. ഫാമിലെ പുൽക്കൃഷിക്കും ഉരുക്കൾക്കും ജലലഭ്യത ചെക്ക് ഡാമിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ ഉറപ്പാക്കാനാകും. ഫാമിൽ കൂടുതൽ ഉരുക്കളെ വാങ്ങാനും അതുവഴി പാല്‍ ഉല്‍പ്പാദനം വർധിപ്പിക്കാനും കഴിയും.
നിലവിൽ പ്രതിദിനം 1500 ലിറ്റർ പാലാണ് കുര്യോട്ടുമല ഫാമിൽ ഉല്‍പ്പാദിപ്പിക്കുന്നത്. കൂടുതൽ ഉരുക്കളെ വാങ്ങി ആദ്യഘട്ടത്തിൽ പത്തനാപുരം താലൂക്കിലേക്ക് ആവശ്യമായ പാൽ പൂർണമായും ഫാമിൽ നിന്ന് ഉല്‍പ്പാദിപ്പിക്കുകയും തുടർന്ന് വിവിധ ഘട്ടങ്ങളിലായി ജില്ലയുടെ എല്ലാ ഭാഗത്തേയ്ക്കും എത്തിക്കാനും ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നു. പാലിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നമായ നെയ്യ് നിർമാണം ആരംഭിച്ചിട്ടുണ്ട്. വെണ്ണ, സിപ്അപ്, ഐസ്ക്രീം, പനീർ മുതലയാവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പ്രവർത്തനവും പുരോഗമിക്കുന്നു.
ടൂറിസത്തിനും മെച്ചം
ഫാം ടൂറിസത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും ചെക്ക് ഡാം സഹായകരമാകും.
ടൂറിസ്റ്റുകൾക്ക് കുട്ടവഞ്ചിയും മിനി ബോട്ട് സർവീസും ഏർപ്പെടുത്തുന്നതിന് രണ്ടാംഘട്ടത്തിൽ വിഭാവനം ചെയ്യുന്നുണ്ട്. ചെക്ക് ഡാമിലാണ് കുട്ടവഞ്ചിയും മിനി ബോട്ട് സർവീസും നടപ്പാക്കുക.