സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി ആലപ്പുഴ ജില്ലാ കളക്ടര് കൃഷ്ണ തേജ. ജില്ലയിലെ എം ബി ബി എസ് വിദ്യാര്‍ത്ഥിയുടെ ഫീസിന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കിയാണ് ജില്ലാ കളക്ടര്‍ വീണ്ടും ജനമനസ് കീഴക്കിയത്. കളക്ടര്‍ തന്നെയാണ് ഇതേ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
കുട്ടിയുടെ അമ്മ സഹായമൊന്നും ചോദിച്ചില്ലെങ്കിലും ദൈവത്തിന്റെയും നല്ലവരായ നിരവധി ആളുകളുടേയും കരുണ കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ മോളുടെ ആദ്യ വര്‍ഷത്തെ ഫീസിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാനായെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കളക്ടര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,
കഴിഞ്ഞ ദിവസം ഓഫീസില്‍ പൊതുജനങ്ങളെ കാണുന്നതിനിടെയാണ് കയ്യിലൊരു പൊതിയുമായി ഒരമ്മ എന്റെ അടുത്തേക്ക് വന്നത്. വീട്ടിലുണ്ടാക്കിയ മധുര പലഹാരങ്ങളായിരുന്നു സ്നേഹം നിറഞ്ഞ പൊതിയില്‍ ഉണ്ടായിരുന്നത്. ഈ അമ്മയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഞാന്‍ ആദ്യമായി കാണുന്നത്. മകള്‍ക്ക് എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചെന്നും എന്നാല്‍ ഞാന്‍ കോളേജ് അധികൃതരുമായി സംസാരിച്ച് ഇവര്‍ക്ക് ഫീസ് അടയ്ക്കുന്നതിന് കുറച്ച് സാവകാശം ഒരുക്കി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വന്നത്.
ഈ അമ്മയോട് സംസാരിച്ചപ്പോള്‍ ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ജീവിതത്തോട് പൊരുതി എങ്ങനെയും ഫീസടച്ച് മോളെ പഠിപ്പിച്ച് മോളുടെ ആഗ്രഹം പോലെ ഒരു ഡോക്ടര്‍ ആക്കണമെന്ന ഉറച്ച് മനസ്സ് ഈ അമ്മയില്‍ എനിക്ക് കാണാമായിരുന്നു.
ഈ അമ്മ സഹായമൊന്നും ചോദിച്ചില്ലെങ്കിലും ദൈവത്തിന്റെയും നല്ലവരായ നിരവധി ആളുകളുടേയും കരുണ കാരണം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ മോളുടെ ആദ്യ വര്‍ഷത്തെ ഫീസിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കാനായി. കഴിഞ്ഞ ദിവസം ഈ മോള്‍ എം.ബി.ബി.എസ്. അഡ്മിഷന്‍ എടുത്തു. മോളുടെ ക്ലാസും തുടങ്ങി. അതിന്റെ സന്തോഷവുമായാണ് ഈ അമ്മ സ്നേഹത്തില്‍ പൊതിഞ്ഞ പലഹാരങ്ങളുമായി എന്നെ കാണാന്‍ വന്നത്. മോള്‍ക്കും അമ്മയ്ക്കും ഇവരെ സഹായിച്ചവര്‍ക്കും എന്റെ എല്ലാവിധ ആശംസകളും.