
കടലും കായലും കാടും മലയും കഥ പറയുന്ന നാട്. അഷ്ടമുടിക്കായലും മൺറോതുരുത്തും ബീച്ചുകളും ശെന്തുരുണി വന്യജീവിസങ്കേതവും തെന്മലയും ജടായുപാറയും അടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ. സംസ്ഥാനത്തെ ടൂറിസം ഹോട്ട് സ്പോട്ടുകളിലൊന്ന്..

കൊല്ലം കണ്ടവരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന വിശേഷണങ്ങൾ എണ്ണിയാലൊതുങ്ങില്ല. കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തുകയാണ് സംസ്ഥാന സർക്കാരും ജില്ലാ പഞ്ചായത്തും ഡിടിപിസിയും. ടൂറിസം ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.

കോവിഡ് ഇളവ് വന്നതിനു പിന്നാലെ ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ മാത്രം സംസ്ഥാനത്തിനകത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമായി 91,974 ആഭ്യന്തര സഞ്ചാരികൾ ജില്ലയിലെത്തി. വർഷം അവസാനിക്കുമ്പോൾ അത് ഇരട്ടിയിലേറെയാകും.

ടൂറിസം സർക്യൂട്ട് പദ്ധതി
പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് പദ്ധതി ജില്ലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലാകും. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 25 കോടിയാണ് ചെലവ്. വിശദമായ രൂപരേഖ തയ്യാറായി.

അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, മീൻപിടിപ്പാറ (കൊട്ടാരക്കര), മരുതിമല (മുട്ടറ), മലമേൽപാറ (ഇടമുളയ്‌ക്കൽ), ജടായുപാറ (ചടയമംഗലം),

തെന്മല, അച്ചൻകോവിൽ, ശെന്തുരുണി വന്യജീവിസങ്കേതം, കുളത്തൂപ്പുഴ സഞ്ജീവനി വനം എന്നിവയെ ബന്ധിപ്പിച്ചാണ് സർക്യൂട്ട് യാഥാർഥ്യമാക്കുക. ഈ സ്ഥലങ്ങളെ ബസ്, ബോട്ട്, ട്രെയിൻ തുടങ്ങിയവ വഴി ബന്ധിപ്പിക്കുകയും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയുംചെയ്യും. അഷ്ടമുടിയാണ് സർക്യൂട്ടിന്റെ കവാടം.

സുന്ദരം ഈ തീരങ്ങൾ
കൊല്ലം, അഴീക്കൽ, താന്നി എന്നിവയാണ് ജില്ലയിൽ ബീച്ച് ടൂറിസത്തിന് സാധ്യതയുള്ള പ്രധാന ബീച്ചുകൾ. കൊല്ലം ബീച്ചിനെ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതി കൊല്ലം കോർപറേഷൻ നേതൃത്വത്തിൽ തയ്യാറാക്കുകയാണ്.

പദ്ധതി രൂപരേഖയും പഠനവും നിർവഹിക്കുന്ന മദ്രാസ് ഐഐടി വിദഗ്ധസംഘം പ്രാഥമിക റിപ്പോർട്ട് അവതരിപ്പിച്ചു. അന്തിമ റിപ്പോർട്ട് ഡിസംബറിൽ ലഭിക്കും. ബീച്ചിന്റെ സ്വാഭാവികത നിലനിർത്തി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള ഓഫ് ഷോർ ബ്രേക്ക് വാട്ടർ സംവിധാനവും പുലിമുട്ടും ഒരുക്കും. ബ്രേക്ക് വാട്ടർ സംവിധാനം ജലനിരപ്പിനു താഴെയാണ് സജ്ജമാക്കുന്നത്. അതിനാൽ ബീച്ചിന്റെ സ്വാഭാവികത നഷ്ടപ്പെടില്ല. മീൻപിടിത്തവള്ളങ്ങൾക്കും തടസ്സമുണ്ടാകില്ല. തീരവികസന കോർപറേഷന്റെ പങ്കാളിത്തത്തോടെയാണ് വിശദമായ പദ്ധതി തയ്യാറാക്കുന്നത്.

ജില്ലയുടെ വടക്കേയറ്റം സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളിയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ ബീച്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അഴീക്കൽ പൊഴിമുഖത്തിനോടു ചേർന്ന് അരക്കിലോമീറ്ററോളം നീളത്തിലാണ് ബീച്ച്. 700 മീറ്ററോളം നീളത്തിൽ കടലിലേക്ക് നീണ്ടുകിടക്കുന്ന പുലിമുട്ടിലിൽ ഇറങ്ങി കാഴ്ച ആസ്വദിക്കാം. പ്രഭാതങ്ങളിലും മറ്റും നിരവധി ഡോൾഫിനുകൾ ഇവിടെ കൂട്ടത്തോടെ എത്തുന്നതും മനോഹര കാഴ്ചയാണ്.

തീരസംരക്ഷണം ലക്ഷ്യമിട്ട് ബീച്ചിനോടു ചേർന്ന് നട്ടുപിടിപ്പിച്ച കാറ്റാടിക്കാട്, ആലപ്പുഴ–- കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം, വലിയഴീക്കൽ ലൈറ്റ് ഹൗസ്, അമൃതാനന്ദമയി മഠം എന്നിവയുടെ സാമീപ്യവും വിദേശികൾ ഉൾപ്പെടെ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. കേരളത്തിലെ തന്നെ അത്യപൂർവമായ ആയിരംതെങ്ങ് കണ്ടൽക്കാട് അഴീക്കൽ ബീച്ചിനു സമീപമാണ്. ഈ കണ്ടൽ പാർക്കിലേക്ക് ബോട്ട് സവാരിയും അഴീക്കൽ ബീച്ചിൽനിന്ന് ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ ദൈർഘ്യമേറിയ കടൽത്തീരമാണ് പരവൂർ താന്നിയിലേത്.

ഓരോ ദിവസും ആൾത്തിരക്കേറുന്നു. ഒരു ഭാഗത്ത് പരവൂർ കായലും കടലും സംഗമിക്കുന്ന പൊഴിക്കരയും താന്നിയിലെ കടൽത്തീരവും വിദേശികളെയടക്കം ആകർഷിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കിലും അടുത്തിടെ കായലിൽ തുടങ്ങിയ കുട്ടവഞ്ചി സവാരിയും നിരവധി പേരെ ആകർഷിക്കുന്നു.
