എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവ വിജയി എന്‍.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍.
മഹാദേവികാട് കാട്ടില്‍ തെക്കേതില്‍, കേരള പോലീസിന്റെ ചമ്പക്കുളം എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
1100 മീറ്റര്‍ നീളമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍. സി. ബി. എല്‍ രണ്ടാം സീസണിലെ പന്ത്രണ്ടാം മത്സരവും ഫൈനലും ആവേശമായി. ലീഗില്‍ 116 പോയിന്റോടെ പി.ബി.സി പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് സി.ബി.എല്‍ കിരീടം. നടുഭാഗം ചുണ്ടന്‍ 107 പോയിന്റോടെ രണ്ടാം സ്ഥാനവും, കേരള പോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ 92 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.
സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാന്‍ പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന് സാധിക്കുമെന്ന് സമ്മാനദാനം നിര്‍വഹിച്ച ധനകാര്യവകുപ്പ് മന്ത്രി ശ്രീ.കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. സി.ബി.എല്‍ മത്സരങ്ങളുടെ രണ്ടാം സീസണ്‍ സമാപന പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.
2011-ൽ തുടങ്ങിയ പ്രസിഡന്റ്‌സ് ട്രോഫിയുടെ എട്ടാമത് എഡിഷനും വിനോദസഞ്ചാരവകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ബോട്ട് ലീഗ് രണ്ടാം സീസൺ 12-ാമത് മത്സരമാണ് ഇന്ന് നടന്നത്.വിജയിക്ക് പ്രസിഡന്റ്‌സ് ട്രോഫി നൽകും. ചാമ്പ്യൻസ് ലീഗ് ഒന്നാംസ്ഥാനക്കാർക്ക് 25 ലക്ഷം, രണ്ടാംസ്ഥാനക്കാർക്ക് 15 ലക്ഷം, മൂന്നാംസ്ഥാനത്തിന് 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ ഒന്നാംസ്ഥാനത്തിന് 20,000 രൂപ, രണ്ടാംസ്ഥാനത്തിന് 15,000 എന്നിങ്ങനെയാണ് സമ്മാനം. മൊത്തം അഞ്ചുകോടി 90 ലക്ഷം രൂപയാണ് ചാമ്പ്യൻസ് ലീഗിനുമാത്രം സമ്മാനമായി നൽകുന്നത്.
ആലപ്പുഴ നെഹ്‌റുട്രോഫിയിൽ തുടങ്ങി കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലായി നടത്തിയ 11 മത്സരങ്ങൾക്കുശേഷമാണ് കൊല്ലത്തെ ഫൈനൽ.