ഇൻറർനാഷനൽ സിറ്റിയിലെ റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചയാളിൻറെയും പരിക്കേറ്റവരുടെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഫേസ് ഒന്നിലെ കെട്ടിടത്തിന് തീപിടിച്ചത്. അപകടത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്ന് ദുബൈ സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തീപിടിത്തം റിപോർട്ട് ചെയ്ത ഉടനെ ദുബൈ സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
കെട്ടിടത്തിലെ താമസക്കാരെ പൂർണമായും ഒഴിപ്പിച്ചതിന് ശേഷമാണ് തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഉച്ച സമയമായതിനാൽ താമസക്കാരിൽ ഭൂരിഭാഗവും തൊഴിലിടങ്ങളിലായിരുന്നുവെന്നത് ആശ്വാസകരമായി. റസിഡൻഷ്യൽ ഏരിയകൾ ആയതിനാൽ അത്യാധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് തീ അതിവേഗം അണക്കാനുള്ള ശ്രമങ്ങൾ സിവിൽ ഡിഫൻസ് നടത്തിയത്. പ്രദേശത്ത് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയും ആളുകളെ അപകട സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈകിട്ടോടെ തീ പൂർണമായും നിയന്ത്രണവിധേയമായതായി സിവിൽ ഡിഫൻസ് അറിയിച്ചു.